മൂവായിരത്തോളം ജനസംഖ്യ; ഉരുള്‍പൊട്ടലിന്റെ ഭീകരത പുറത്തറിഞ്ഞതിനുമപ്പുറം; ഹെലികോപ്റ്ററിനും എത്താനാകാതെ മുണ്ടക്കൈ; രക്ഷാപ്രവര്‍ത്തനം നടത്തുന്നത് എന്‍ഡിആര്‍എഫ്

കല്‍പ്പറ്റ: കേരളത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 36 കടന്നു. ഈ മേഖലയിലുണ്ടായത് ഒന്നിലേറെ തവണകളായി വന്‍ ഉരുള്‍പൊട്ടലെന്ന് കല്‍പ്പറ്റ എംഎല്‍എ. ആറുപേര്‍ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി സിദ്ദിഖ് അറിയിച്ചു.

ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. 5 മണിയോടെ ഇവിടെ ഇരുട്ടാകും. അതിനുമുന്‍പ് സാധ്യമായതെല്ലാം ചെയ്യണം. സൈന്യം എത്താത്തതിനാല്‍ വടംകെട്ടി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ അക്കരെ കടക്കാനുള്ള ദുര്‍ഘടമായ ശ്രമമാണ് നടത്തുന്നത്.

ഇതുവരെ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറിനും ദുരന്ത മേഖലയിലേക്ക് എത്താന്‍ സാധിച്ചില്ല. മോശം കാലാവസ്ഥയാണ് ഹെലികോപ്റ്റര്‍ ദൗത്യത്തെ പിന്നോട്ടടിക്കുന്നത്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രണ്ടു വാര്‍ഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത്. ഇതില്‍ പലരും സ്ഥലത്തില്ലെങ്കിലും ഇവിടെ ഉണ്ടായിരുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്.
ALSO READ- വയനാട്ടിലെ ദുരന്തം; മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം; പരിക്കേറ്റവര്‍ക്ക് അരലക്ഷവും
ഇനിയും പ്രദേശത്ത് മരണസംഖ്യ ഉയര്‍ന്നേക്കും. രണ്ട് ഉരുള്‍പൊട്ടലാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. പുലര്‍ച്ചെ 3 മണിയോടെ ഉണ്ടായ രണ്ടാമത്തെ ഉരുള്‍പൊട്ടലാണ് ഭീകര ദുരന്തം വിതച്ചത്. ഇതില്‍ എല്ലാം തകര്‍ന്നിട്ടുണ്ടെന്നാണ് വിവരം

Exit mobile version