വയനാട്ടില്‍ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ എണ്ണം 19 ആയി, നിരവധി പേരെ കാണാതായി, ദാരുണം

rain|bignewslive

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നു കുട്ടികളും ഒരു വിദേശിയും ഉള്‍പ്പെടും. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ചൂരല്‍മലയില്‍ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 33 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കൂനിപ്പാലയില്‍ നിന്നും കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ മൂന്ന് മൃതദേഹങ്ങളും കരയ്ക്കടിഞ്ഞു. ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും ഒറ്റപ്പെട്ടു.

400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മുണ്ടക്കൈയില്‍ മാത്രം 300 ഓളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. അതേസമയം, മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.

ഇവരില്‍ വിദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. 10 തോട്ടം തൊഴിലാളികളെ കാണാതായതായി ഹാരിസണ്‍സ് അറിയിച്ചു.

Exit mobile version