ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. പുഴയിലെ ശക്തമായ ഒഴുക്കും പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഏറെ പ്രതീക്ഷയോടെ എത്തിയ മുങ്ങൽ വിദ്ഗധനായ മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയും സംഘവും ദൗത്യം അവസാനിപ്പിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.
മോശം കാലാവസ്ഥയിലെ തിരച്ചിൽ ദുഷ്‌കരമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും മാധ്യമങ്ങളോട് പറഞ്ഞു. ഈശ്വർ മാൽപെയും നേവിയും എൻഡിആർഎഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങൾ വേണമെന്നും അവ കൊണ്ടുവരാൻ ദിവസങ്ങളെടുക്കുമെന്നുമാണ് എംഎൽഎ മാധ്യമങ്ങളെ അറിയിച്ചത്.
ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരുമെന്നും കർണാടക മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ വിശദീകരിച്ചു. നാല് ലൊക്കേഷനുകളിൽ പരിശോധിച്ചതായി ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വർ മാൽപെയോട് കളക്ടർ നന്ദിയും അറിയിച്ചു.
ജീവൻ പണയംവെച്ചാണ് അവർ നദിയിൽ ഇറങ്ങിയത്. മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.