കോഴിക്കോട്: തൃശൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ വയനാട് ക്യാംപിൽ തനിക്ക് എതിരെ വിമർശനമുണ്ടായെന്ന പ്രചാരണം വ്യാജമെന്ന് കെ മുരളീധരൻ പാർട്ട് പറഞ്ഞത് അനുസരിച്ച തനിക്ക് ഉണ്ടായത് നഷ്ടങ്ങളാണെന്നും കെ മുരളീധരൻ പറഞ്ഞു. കളക്ടർമാരെ മാറ്റുന്നത് പോലെ സ്ഥാനാർഥികളെ മാറ്റിയാൽ ഭാവിയിലും ദോഷം ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തി.
ഇനി എല്ലായിടത്തും പോയി മൽസരിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. 100 ശതമാനം വിശ്വാസമുള്ള സ്ഥലത്തെ മൽസരിക്കാൻ ആഗ്രഹിക്കൂ. പാർട്ടി പറഞ്ഞാൻ എന്തും അനുസരിച്ചതിന്റെ തിക്താനുഭവം മുമ്പിലുണ്ട്. തന്റെ മതേതരമുഖം നഷ്ടപ്പെടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
പാർട്ടിയിൽ നിന്ന് കുത്തിത്തിരുപ്പ് നടത്തി തന്നെ പുറത്താക്കിയാൽ രാഷ്ട്രീയ വിരമിക്കൽ നടത്തി വീട്ടിലിരിക്കും. അതിന്റെ ഉദാഹരണമാണ് വയനാട് ക്യാമ്പിൽ തനിക്കെതിരെ പരാതി ഉയർന്നുവെന്ന വ്യാജ വാർത്ത പ്രചരിച്ചത്. പാർട്ടി പറഞ്ഞതെല്ലാം അനുസരിച്ച തനിക്കുണ്ടായത് നഷ്ടം മാത്രം. പാർട്ടിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാക്കൾ 20ൽ 18 സീറ്റും നേടിയ ആഘോഷത്തിലാണെന്നും മുരളീധരൻ പറയുന്നു.
വടകര ലോക്‌സഭ മണ്ഡലത്തിൽ എല്ലാ പ്രവർത്തനങ്ങളും താൻ പൂർത്തിയാക്കിയിരുന്നു. തൃശൂരിൽ ശക്തമായ മൽസരം വേണമെന്ന് സിറ്റിങ് എംപിയായ പോലും പറഞ്ഞിരുന്നെന്നാണ് പാർട്ടി സൂചിപ്പിച്ചത്. അതിനാൽ, മണ്ഡലം മാറി മൽസരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തൃശൂരിൽ മുൻകൂട്ടിയുള്ള പാർട്ടി പ്രവർത്തനങ്ങളും സുരേഷ് ഗോപിയുടെ നടത്തിയ പ്രവർത്തനങ്ങളും സംബന്ധിച്ച് പഠിച്ചിരുന്നില്ല. ഇത് പരാജയത്തിന് കാരണമായി.
തിരുവനന്തപുരത്ത് ലത്തിൻ കത്തോലിക്കരും മുസ് ലിംകളും ശശി തരൂരിനെ പിന്തുണച്ചപ്പോൾ തൃശൂരിൽ തീരദേശമേഖലയിലെ ധീവര വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തു. തൃശൂരിലെ മുസ്‌ലിം എപി സുന്നി വിഭാഗവും എൽഡിഎഫിനെ പിന്തുണച്ചു. ക്രിസ്ത്യൻ, നായർ വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്നും മുസ്‌ലിം വോട്ടുകൾ ചിതറുമെന്നുമാണ് ബിജെപി കണക്കാക്കിയത് എന്നും അദ്ദേഹം വിശദീകരിച്ചു.