കൊച്ചി: ഡൽഹി രാജേന്ദ്രനഗറിലെ യുപിഎസ്സി-സിവിൽ സർവീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മുങ്ങിമരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ മരണം വീട്ടുകാരറിഞ്ഞത് പള്ളിയിലെത്തിയപ്പോൾ. പതിവുപോലെ ഞായറാഴ്ചയിലെ പ്രാർഥനയ്ക്കായി ആലുവയിലെ പള്ളിയിലെത്തിയതായിരുന്നു നെവിന്റെ മാതാപിതാക്കൾ. ഇവിടെ വെച്ചാണ് മകന് ഡൽഹിയിൽ വെച്ച് അത്യാഹിതം സംഭവിച്ചത് അറിയുന്നത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇരുവരേയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാറ്റൂർ മുടങ്ങാമറ്റത്താണ് പത്ത് വർഷമായി നെവിന്റെ കുടുംബം താമസിക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ ഇവർ മലയാറ്റൂരിൽ വസ്തു വാങ്ങി വീട് വച്ച് താമസമാക്കുകയായിരുന്നു. കാലടി സർവകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ് നെവിന്റെ അമ്മ. അച്ഛൻ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. നെവിന് ഒരു സഹോദരിയുമുണ്ട്.
ഇന്നലെ വൈകുന്നേരം ഏഴോടെയാണ് ജെഎൻയുവിൽ എംഫിൽ വിദ്യാർഥിയായിരുന്നു നെവിനും മറ്റ് രണ്ട് വിദ്യാർഥിനികളും ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മുങ്ങി മരിച്ചത്. ജെഎൻയു വിദ്യാർഥിയായ നെവിൻ സിവിൽ സർവീസ് കോച്ചിങ്ങിനായാണ് ഡൽഹിയിൽ തന്നെ തുടരുന്നത്. നെവിന് പുറമേ തെലങ്കാന സ്വദേശി തനിയ സോണി, ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്.
ALSO READ- രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; പിന്നാലെ ബന്ധമൊഴിയാൻ നിർബന്ധിച്ചു; തൃശൂർ സ്വദേശിനി അനഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
ഡൽഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന കോച്ചിങ് കേന്ദ്രത്തിലാണ് വെള്ളംകയറി ദുരന്തമുണ്ടായത്. ഡ്രെയിനേജ് തകർന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
Discussion about this post