അതിശക്തമായ മഴയില്‍ ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി, മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു, മരിച്ചവരില്‍ മലയാളിയും, വന്‍പ്രതിഷേധം

Death|bignewslive

ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. മരിച്ചവരില്‍ എറണാകുളം സ്വദേശയുമുണ്ട്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്.

ഈ കെട്ടിടത്തിലെ ലൈബ്രറിയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.

ഇവിടെ ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. 30 വിദ്യാര്‍ഥികളാണ് സംഭവ സമയത്ത് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. അതേസമയം, സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version