ആലപ്പുഴ: കായംകുളത്ത് പോലീസിനെ കുഴക്കിയ കള്ളനെ ഒടുവിൽ പിടികൂടി. കണ്ണിൽപ്പെടാതിരിക്കാൻ ഒളിച്ചിരുന്ന കള്ളനെ പിടികൂടാൻ പഠിച്ചപണി പതിനെട്ടും പയറ്റേണ്ടി വന്നിരിക്കുകയാണ് പോലീസിന്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങൾ.
കള്ളൻ പോലീസിനെ കണ്ട് ഓടയിൽ ഒളിച്ചതോടെയാണ് എല്ലാം കുഴപ്പത്തിലായത്. പല വിധത്തിൽ കള്ളനെ പുറത്തെത്തിക്കാൻ നോക്കിയിട്ടും നടക്കാതെ വന്നതോടെ ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തേണ്ടിയും വന്നു. ഒടുവിൽ എല്ലാവരുടേയും പരിശ്രമം ഫലം കണ്ടതോടെ തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവ് രാജശേഖനെ പോലീസിന് വലയിലാക്കാനായി.
പ്രദേശത്തെ വീടുകളിൽ മോഷണശ്രമം നടത്തുകയായിരുന്ന കള്ളൻ പുലർച്ചെ അഞ്ചോടെയാണ് പട്രോളിങ് നടത്തുന്ന പോലീസിന് മുമ്പിലകപ്പെട്ടത്. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളന്റെ പുറകെ പോലീസും ഓടി. ഇതിനിടെ കള്ളൻ ഓടയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെയാണ് പോലീസ് വട്ടംചുറ്റിയത്. കള്ളനെ പുറത്തെത്തിക്കുക അത്ര എളുപ്പമായിരുന്നില്ല.
അഗ്‌നിരക്ഷാസേനയെ വിളിച്ചുവരുത്തിയാണ് പോലീസ് കള്ളനെ പിടികൂടാൻ ശ്രമിച്ചത്. ഓടയുടെ സ്ലാബ് പൊളിച്ച് ഉദ്യോഗസ്ഥർ കള്ളനെ കണ്ടെത്തി. തുടർന്ന് ഓക്‌സിജൻ സിലിണ്ടർ ഉപയോഗിച്ച് ഓടയിലേക്ക് ഇറങ്ങി കള്ളനെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. സാഹസികമായി പിടികൂടിയ കള്ളനെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരേ മോഷണ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്, കൂടുതൽ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.