ഷിരൂർ: ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്ക് തുടുരുന്നതിനിടെ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി കരയ്‌ക്കെത്തേണ്ട അവസ്ഥയിലാണ് രക്ഷാപ്രവർത്തകർ. ഇന്ന് കൂടുതൽ ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇടയ്ക്കിടെ കനത്ത വെല്ലുവിളി ഉയർത്തി മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം തടപ്പെടുത്തുന്നത്.
ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്‌നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. നാലിടത്താണ് നിലവിൽ സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഡ്രോൺ പരിശോധനയിലാണ് സിഗ്‌നൽ ലഭിച്ചിരിക്കുന്നത്. സിഗ്‌നൽ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണെന്നും മുങ്ങൽ വിദഗ്ധർക്ക് പുഴയിലേക്ക് ഡൈവ് ചെയ്യാനാകാത്ത സ്ഥിതിയാണെന്നുമാണ് വിവരം.
‘റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്‌നൽ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്. വൈകിട്ടോടെ സ്‌കാനിങ് വിവരങ്ങൾ ലഭ്യമാകും. ഇതോടെ കൂടുതൽ വ്യക്തത വരും. ഈ സിഗ്‌നൽ കേന്ദ്രീകരിച്ചും തിരച്ചിൽ ശക്തമാക്കും’ – റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ പറയുന്നു.