തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും കൊല്ലം സ്വദേശിനിയായ വനിത ഉദ്യോഗസ്ഥ തട്ടി എടുത്തത് 20 കോടി രൂപ.
അഞ്ചു വർഷം കൊണ്ട് ആണ് ധന്യ മോഹൻ എന്ന ഉദ്യോഗസ്ഥ ഇത്ര വലിയ തുക കവർന്നത്. ഇവർ ഡിജിറ്റൽ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂർ റൂറൽ എസ് പി നവനീത് ശർമ പറഞ്ഞു. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടു പിടിക്കാനാകൂ. വ്യാജ അക്കൗണ്ടിലേക്ക് വായ്പയായി പണം കൈമാറി ആയിരുന്നു ധന്യയുടെ തട്ടിപ്പ്.
ഇവരുടെ വലപ്പാട്ടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. ധന്യാ മോഹനെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. യുവതി വിദേശത്തേയ്ക്ക് കടക്കാതിരിക്കാൻ പോലീസ് ജാഗ്രതയിലാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി.
Also read- കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയിൽ അലഞ്ഞ പിതാവിനെ തേടി എത്തിയത് നെഞ്ചു തകർക്കുന്ന വാർത്ത ; മകന്റെ മൃതദേഹം കണ്ടെത്തി, സംസ്കാരം നടത്തിയെന്നും പോലീസ്
മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ. 2019 മുതൽ ആണ് ധന്യ തട്ടിപ്പ് ആരംഭിച്ചത് എന്നാണ് വിവരം.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് ആണ് 20 കോടിയോളം രൂപ തട്ടിയെടുത്തത്.
ധന്യ ഈ പണം കൊണ്ട് സ്വത്തുവകകൾ വാങ്ങി കൂട്ടുകയും ആഡംബര വസ്തുക്കളും കാറും സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചെന്നു മനസിലായതോടെ പിടിയിലാകാതിരിക്കാൻ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽ നിന്നും പെട്ടെന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കടന്നു കളഞ്ഞ ഇവരെ പിടികൂടാനായില്ല.
18 വർഷത്തോളമായി തിരു പഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് ധന്യ താമസിച്ചുവന്നിരുന്നത്. ഈ വീട്ടിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. യുവതിയും ബന്ധുക്കളും ഒളിവിൽ ആണ്.