ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കൾക്കും ഞെട്ടലാവുകയാണ് മരണ വാർത്ത. മകന്റെ മൃതദേഹം കണ്ടെത്തിയെന്നും, ബന്ധുക്കളെ കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം സാംസ്‌കാരിച്ചെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
തൃശൂർ മാള സ്വദേശിയായ തൊറവാക്കുടി ജിത്തു സുരേഷ് (28) ആണ് മരിച്ചത്. ജിത്തുവിനെ നാലു മാസം മുൻപ് ആണ് കാണാതായത്. തുടർന്നു അച്ഛൻ സുരേഷ് ഈ മകന് വേണ്ടി യുഎഇ യിലെ ഓരോ പ്രദേശത്തും അലഞ്ഞു അന്വേഷിക്കുകയായിരുന്നു.
3 വർഷമായി ഷാർജ ഇത്തിസലാത്തിൽ കരാർ ജീവനക്കാരൻ ആയിരുന്നു ജിത്തു. ജിത്തുവിന്റെ പിതാവ് അബുദാബിയിൽ ഒരു സ്ഥാപനത്തിൽ ട്രാൻസ്‌പോർട് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് ബുതീനയിൽ താമസിച്ചിരുന്ന ജിത്തുവിനെ മാർച്ച് 10 മുതൽ കാണാനില്ലെന്നു സുഹൃത്തുക്കൾ അച്ഛൻ സുരേഷിനെ അറിയിച്ചത്. അന്ന് തൊട്ട് മകൻ പോകാൻ സാധ്യതയുള്ളെ സ്ഥലങ്ങളിൽ എത്തി തിരച്ചിൽ നടത്തുകയായിരുന്നു അദ്ദേഹം.
പോലീസിൽ പരാതി നൽകുകയും ചെയ്തു. മാർച്ച് 30 വരെ ജിത്തുവിന്റെ മൊബൈൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 4 മാസമായി ഒരു വിവരവും കിട്ടാതായിട്ടും പ്രതീക്ഷ കൈവിട്ടില്ല. കൃത്യമായി ജോലിക്ക് പോവാൻ പോലും കഴിയാതെ തിരച്ചിൽ തുടരുകയായിരുന്നു.
ഇതിനിടെയാണ് കാണാതായി ഷാർജ കോർണിഷ്നു സമീപത്തെ കെട്ടിടത്തിൽ നിന്നും ജിത്തുവിന്റെ മൃതദേഹം കണ്ടെടുത്തെന്നും, 3 മാസത്തിൽ കൂടുതൽ അജ്ഞാത മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ കഴിയാതിരുന്നതോടെ സംസ്കാരം നടത്തിയെന്നുമാണ് സുരേഷിന് വിവരം ലഭിച്ചിരിക്കുന്നത്.