ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യം പതിനൊന്നാം ദിവസമായ ഇന്നും തുടരും. അതേസമയം, അര്‍ജുനായുള്ള തെരച്ചിലില്‍ ദൗത്യത്തില്‍ കാലാവസ്ഥ വെല്ലുവിളിയെന്ന് മനസിലാക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍.
സ്ഥലത്ത് കനത്ത മഴയാണെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് നദിയില്‍ തെരച്ചില്‍ നടത്താന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അര്‍ജുനായുള്ള ദൗത്യത്തില്‍ മറ്റൊരു ജീവന്‍ കൂടി അപകടത്തിലാകരുതെന്നും കുടുംബാംഗങ്ങളെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ജിതിന്‍ പറഞ്ഞു.
കനത്ത മഴയും ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും ദൗത്യത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ പറ്റുകയുള്ളൂ. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.