ഷിരൂർ: ഇന്നും പുഴയിലിറങ്ങി പരിശോധന നടത്താനാകാതെ നാവികസേന. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തില്ലെന്നും ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായും സംഘം അരിയിച്ചു.
പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന അറിയിച്ചതോടെ പത്താംദിവസവും രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. അതേസമയം, വെള്ളത്തിൽ കണ്ടെത്തിയ ട്രക്ക് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു.
ഡ്രോൺ നടത്തിയ പരിശോധനയിലും ലോറി അർജുന്റേതെന്ന് ഉറപ്പിച്ചു. എന്നാൽ ഡ്രോണിൽ ലഭിച്ച സിഗ്‌നലിലും ലോറിയുടെ കാബിൻ ഏതുഭാഗത്തെന്ന് തിരിച്ചറിനായില്ല. മനുഷ്യസാന്നിധ്യവും കണ്ടെത്തിയിട്ടില്ല.
അടുത്തടുത്തായി 3 ഭാഗങ്ങളിൽ ലോഹസാന്നിധ്യം സ്ഥിരീകരിച്ചിെങ്കിലും തിരച്ചിലിൽ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. അതിനിടെ അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അറിയിച്ചു. എട്ടുകിലോമീറ്റർ അകലെ നിന്നും കണ്ടെത്തിയ തടിക്കഷ്ണങ്ങൾ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായി.
ALSO READ- ‘അർജുന് വേണ്ടി എല്ലാവരും ഉണ്ട്; ശരവണന് വേണ്ടി ആരുമില്ല’; മൃതദേഹ ഭാഗങ്ങൾ ശരവണന്റേതോ? ഡിഎൻഎ നൽകി അമ്മ മടങ്ങി; കണ്ണീരോടെ അമ്മാവൻ
അതേസമയം, അർജുൻ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നു തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ടയർഡ് മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ പറഞ്ഞു. നാല് മൂന്നിടങ്ങളിലായാണ് ലോഹഭാഗങ്ങൾ കണ്ടെത്തിയതെന്ന് ഇന്ദ്രബാലൻ നമ്പ്യാർ അറിയിച്ചിരുന്നു. ഉത്തര കന്നഡ കലക്ടർ, സ്ഥലത്തെ ജനപ്രതിനിധികൾ എന്നിവർ ദൗത്യമേഖലയിൽ എത്തി മാധ്യമങ്ങളെ കാണുകയാണ്.