അംഗോള: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് എത്തി സന്തോഷ് പണ്ഡിറ്റ്. മലയാളി ലോറി ഡ്രൈവറായ അർജുനെ കാണാതായ സ്ഥലത്ത് സമീപം വരെ എത്തി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞെന്ന് സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
”ഞാൻ ഈ ദുരന്തം നടന്ന സ്ഥലത്തിന്റെ വളരെ അടുത്ത് എത്തിയിരുന്നു. ഞങ്ങളെല്ലാം നിൽക്കുന്ന സ്ഥലത്ത് ഹോട്ടലും മറ്റും ഉണ്ടായിരുന്നതാണ്. ആദ്യം മുതലേ നാട്ടുകാർ പറയുന്നത് ലോറി മണ്ണിനടിയിൽ അല്ല പുഴയിലായിരിക്കും ഉണ്ടാവുക എന്നാണ്. പക്ഷേ ആരൊക്കെയോ വഴിതിരിച്ചു വിട്ടിട്ടാണ് കരയിൽ തിരഞ്ഞുകൊണ്ടിരുന്നതെന്നും അവിടെനിന്ന് കോരിമാറ്റിയ മണ്ണാണോ പുഴയിൽ ലോറിയുടെ മുകളിൽ വന്നതെന്നും ഒരു സംശയമുണ്ട്. ഓരോരുത്തരും ഓരോ രീതിയിൽ ആണ് പറയുന്നത്.”
അംഗോളയിലെ നാട്ടുകാരോടും പോലീസുകാരോടും സംസാരിച്ചാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. മണ്ണിടിച്ചിലിൽ ഉണ്ടായ സ്ഥലത്ത് മോശം കാലാവസ്ഥയാണ് നിലവിലുള്ളതെന്നും ശക്തമായ കാറ്റും മഴയും അസഹനീയമാണെന്നും അദ്ദേഹം വിവരിക്കുന്നു.
പോലീസുകാരും പട്ടാളക്കാരും വളരെ മികച്ച പ്രവർത്തനമാണ് അവിടെ നടത്തുന്നത്. അംഗോളയിലെ രക്ഷാപ്രവർത്തനത്തിന് ജെസിബി അടക്കമുള്ള സന്നാഹങ്ങൾ കുറവാണെന്ന് പറയുന്നത് ശരിയല്ലെ എന്നും കാർവാർ മുതൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതുകൊണ്ട് എല്ലായിടത്തെയും രക്ഷാപ്രവർത്തനം ഏകോപിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
”എനിക്ക് അറിയാൻ കഴിഞ്ഞ കാര്യങ്ങളാണ് ഞാൻ പറയുന്നത്. ഞാൻ പറയുന്ന ാര്യം ഔദ്യോഗികമല്ല. ഞാൻ അവിടെ ചെന്ന സമയത്താണ് അർജുന്റെ ലോറിയുടെ സൂചന രക്ഷാപ്രവർത്തകർക്കു കിട്ടുന്നത്. ഇന്നലത്തെ അവസ്ഥ വച്ച് നോക്കിയാൽ വളരെ നല്ല പ്രവർത്തനമാണ് നടക്കുന്നത്. മൂന്നുനാലു ആംബുലൻസ് റെഡി ആക്കി നിർത്തിയിട്ടുണ്ട്. ജെസിബിയും മറ്റ് വാഹനങ്ങളുമുണ്ട്, ഒന്നിനും ഒരു കുറ്റവും പറയാനില്ല.’- സന്തോഷ് പണ്ഡിറ്റ് വിവരിക്കുന്നു.
”ഇവിടെ മാത്രമല്ല കാർവാർ മുതൽ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. അപ്പൊ അതൊക്കെ ഞങ്ങൾക്ക് നോക്കേണ്ടതുണ്ട്, ഇവിടെ മാത്രമല്ല ഞങ്ങൾ, പ്രവർത്തിച്ചത് നിങ്ങൾ ഇവിടെ മാത്രം നോക്കിയതുകൊണ്ടാണ് ജെസിബി കുറവ് എന്ന് തോന്നിയത്”-എന്നൊരു അനൗദ്യോഗിക സംസാരം വന്നു.
പ്രദേശത്ത് നിന്നും ഒൻപതു മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. അതിൽ ഒരു ഹോട്ടൽ നടത്തുന്ന ആളുണ്ടായിരുന്നു, അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് എല്ലാവരും പറയുന്നത്. കുറെ ലോറിക്കാരോട് സംസാരിക്കാൻ പറ്റി. അവർ പറഞ്ഞത് അവർക്കൊക്കെ ലൈറ്റൊക്കെ ഇട്ടുകൊടുത്ത് നല്ല സഹായം ചെയ്യുന്ന ആളായിരുന്നു ഹോട്ടലുടമ എന്നാണ്. ഹോട്ടലുകാരനും ഭാര്യയും രണ്ടുമക്കളും അടക്കം അഞ്ചുപേരോളം അവിടെ മരിച്ചു. അതല്ലാതെ നാലുപേര് വേറെ മരിച്ചു.
പുഴ ഈ സംഭവത്തിന് ശേഷം വലിയ വീതിയുള്ള പുഴയായി മാറിയിട്ടുണ്ട്. അവിടെയുള്ള ആൾക്കാരോടെല്ലാം മാറിത്താമസിക്കാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ പൊലീസും പട്ടാളവുമെല്ലാം വളരെ നല്ല പ്രവർത്തനമാണ് നടത്തുന്നത്.”- എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.