കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പകുതിയിലേറെ കുറയും; പുതിയ നിരക്ക് ഓഗസ്റ്റിൽ നിലവിൽ വരുമെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസ് പകുതിയിലേറെ കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. നിർമാണ പെർമിറ്റിന് 60 ശതമാനം വരെയാണ് കുറവുണ്ടാവുകയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് അറിയിച്ചു.

കാലാനുസൃതമായ നിരക്ക് വർധനവ് ഇല്ലാത്തത് കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളും വരുമാനവും മോശമായതോടെയാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നതെന്നു മന്ത്രി വിശദീകരിച്ചു.

കേരളത്തിൽ നിലവിലുള്ളത് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ്. ഈ സാഹചര്യത്തിലും ജനങ്ങളുടെ ആവശ്യം മുൻനിർത്തി സർക്കാർ പകുതിയിലേറെ നിരക്ക് കുറക്കാൻ തയാറാവുകയായിരുന്നു എന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം (ഏപ്രിൽ 30നകം) ഒടുക്കുകയാണെങ്കിൽ അഞ്ച് ശതമാനം റിബേറ്റ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പുതുക്കിയ നിർമാണ പെർമിറ്റ് നിരക്കുകൾ ഇങ്ങനെ:

81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസിൽ കുറവുണ്ടാകും. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയും. പുതിയ നിരക്കുകൾ ആഗസ്റ്റ് ഒന്നിന് നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു.

ALSO READ- ഷിരൂരിലെ മണ്ണിടിച്ചില്‍; ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി, വെല്ലുവിളിയായി കനത്ത മഴയും, കാറ്റും, പുഴയിലെ കുത്തൊഴുക്കും

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്‌ക്വയർ മീറ്ററിന് 50 രൂപയിൽനിന്ന് 25 രൂപയായി കുറക്കും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70 രൂപയിൽനിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയുക. 151 മുതൽ 300 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്‌ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും നഗരസഭകളിൽ 120ൽ നിന്ന് 60 രൂപയായും കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയുക.

300 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽനിന്ന് 100 രൂപയായി കുറക്കും. നഗരസഭകളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവുണ്ടാകും.

Exit mobile version