തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കൊവിഡിൽ തകർന്ന കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനാണ്. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണ ശമ്പളം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. ചർച്ച അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എല്ലാ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി മോണിറ്റർ ചെയ്യും. ചെറിയ തടസ്സങ്ങൾ ഉണ്ട്. അതെല്ലാം ലഘൂകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവർക്ക് സസ്പെൻഷൻ, കെഎസ്ആർടിസി സർവ്വീസ് റദ്ദാക്കൽ കുറച്ചു, പരമാവധി വാഹനങ്ങൾ റോഡിൽ ഇറക്കി തുടങ്ങിയ പരിഷ്കാരങ്ങളാണ് വകുപ്പ് നടപ്പിലാക്കിയത്. ഈ പദ്ധതികൾ നടപ്പിലാക്കി തുടങ്ങി പതിനഞ്ച് ആഴ്ച്ചകൾക്കകം വാഹനാപകടങ്ങൾ കുറഞ്ഞെന്നും ഇതുവവി തന്നെ വലിയ നഷ്ടങ്ങൾ കുറയ്ക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപകടങ്ങൾ കുറഞ്ഞതോടെ ഇതുവഴി കെഎസ്ആർടിസി കൊടുക്കേണ്ട നഷ്ടപരിഹാരം കുറഞ്ഞു. യാത്രക്കാരും കാൽനടയാത്രക്കാരും സുരക്ഷിതരെന്ന് ചിന്തയുണ്ടാക്കി. ഫോൺ വിളിച്ച് ഡ്രൈവിംഗ് അനുവദിക്കില്ല. യാത്രക്കാരുടെ ജീവിതം വെച്ചു പന്താടാൻ കഴിയില്ലെന്നും ഗണേഷ് കുമാർ ആവർത്തിച്ചു.
ALSO READ-നിധിയെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടി; ചാലക്കുടി പുഴയിൽ ചാടിയത് തട്ടിപ്പുകേസ് പ്രതികൾ; മൂന്നുപേർ അറസ്റ്റിൽ; ട്രെയിൻ തട്ടിയയാൾ ചികിത്സയിൽ
ഇരു ചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴ ഈടാക്കും എന്ന പ്രചാരണം മന്ത്രി തള്ളി. അങ്ങനെയാന്നും പറഞ്ഞിട്ടില്ല. തന്റെ അറിവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഒരു ആപ്പ് വരുന്നുണ്ട്. അതിൽ വാഹന മോഡിഫിക്കേഷൻ, ഹെൽമെറ്റില്ലാതെ യാത്ര, അനധികൃത പാർക്കിംഗ് അടക്കം ഏത് കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യാം. ആദ്യത്തെ മൂന്ന് മാസം ട്രയൽറൺ എന്ന നിലയ്ക്കാണ് ആപ്പ് അവതരിപ്പിക്കുന്നത്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ പൗരന് അവകാശം കൊടുക്കുന്ന സിറ്റിസൺ ആപ്പ് ആണ് നടപ്പിൽ വരുത്താനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post