ചാലക്കുടി: ചാലക്കുടി റെയിൽപ്പാലത്തിൽനിന്ന് ട്രെയിൻ വരുന്നത് കണ്ട് പുഴയിൽച്ചാടിയ മൂന്നുപേരും ട്രെയിൻ തട്ടി പരിക്കേറ്റയാളും തട്ടിപ്പുകേസിലെ പ്രതികൾ. മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാലാമൻ പരിക്കേറ്റ് ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിലെ ആശുപത്രിയിൽ പോലീസ് കാവലിലാണ് പ്രതിയെ ചികിത്സിക്കുന്നത്.
നിധി കിട്ടിയെന്ന് പറഞ്ഞ് കോഴിക്കോട് നാദാപുരം സ്വദേശികളിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇവർ. അസം സ്വദേശികളായ മുഹമ്മദ് സിറാജുൽ ഇസ്ലാം(26), ഗുൽജാർ ഹുസൈൻ (27), മുഹമ്മദ് മുസമിൽ ഹഖ് (24) എന്നിവരെയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തായ അബ്ദുൾകലാം (26)ആണ് പോലീസ് കാവലിൽ ചികിത്സയിലുള്ളത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചാലക്കുടി റെയിൽവേ പാലത്തിൽ നിന്നും തീവണ്ടി വരുന്നതുകണ്ട് നാലുപേർ പുഴയിൽ ചാടിയത്. അതിലൊരാളെ തീവണ്ടി തട്ടിയിട്ടുണ്ടെന്നും ലോക്കോ പൈലറ്റ് ചാലക്കുടി പോലീസ് സ്റ്റേഷനിൽ വിളിച്ചു അറിയിച്ചിരുന്നു.
പിന്നാട് പുഴയിൽ വീണവർക്കായി സ്‌കൂബാസംഘം തിരച്ചിൽ നടത്തിയെങ്കിലും പാലത്തിൽ നിന്നു ചാടിയവർ രക്ഷപ്പെട്ട് ഓട്ടോയിൽക്കയറി പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ട്രെയിൻ തട്ടി അബ്ദുൾകലാം ട്രാക്കിന് പുറത്തേക്ക് വീണപ്പോൾ മറ്റു മൂന്നുപേരും പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നീന്തിക്കയറിയ ഇവർ പരിക്കുപറ്റി ട്രാക്കിനരികിൽക്കിടന്ന അബ്ദുൾകലാമിനെ തോളിലേറ്റി മുരിങ്ങൂരിലെത്തിച്ചു.
also read- നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്
ഇവിടെ നിന്ന് കൊരട്ടിയിലേക്കും തുടർന്ന് പെരുമ്പാവൂരിലേക്കും പോവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഇയാളെ ചികിത്സയ്ക്കായ എത്തിക്കുകയും ചെയ്തു.
അതേസമയം, നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണ് ”നിധി’ ‘തട്ടിപ്പിനിരകളായത്. നാദാപുരം സ്വദേശികളാണ് രാജേഷും ലെനീഷും. ഇവരുടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന ഒന്നാംപ്രതി മുഹമ്മദ് സിറാജുൽ ഇസ്ലാം തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയിൽ നിധി ലഭിച്ചതായും തൃശ്ശൂരിലെത്തി ഏഴു ലക്ഷം രൂപ നൽകിയാൽ ഈ സ്വർണം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് സിറാജുൽ ഇസ്ലാമും നാദാപുരം സ്വദേശികളും കാറിൽ സ്വർണ ഇടപാടിനായി തൃശ്ശൂരൂലെത്തുകയും പിന്നീട് ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്ക് ഇടപാടിനായി എത്തുകയുമായിരുന്നു. നിധിക്ക് വേണ്ടി മുൻകൂറായി നാലുലക്ഷം കൈമാറി. തുടർന്ന് ഇവർക്ക് സിറാജുൽ ഇസ്ലാമും സംഘവും കൈമാറിയ ലോഹം അവിടെവെച്ചുതന്നെ രാജേഷും ലെനീഷും മുറിച്ചപ്പോൾ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു.
ഈ സമയത്ത് അസം സ്വദേശികൾ രക്ഷപ്പെട്ട് ഓടി. ഇവർക്ക് പിന്നാലെ ട്രാക്കിലൂടെ പ്ലാറ്റ്‌ഫോം അവസാനിക്കുന്നതുവരെ രാജേഷും ലെനീഷും പിന്തുടർന്നെങ്കിലും ഇരുട്ടത്തേക്ക് മറഞ്ഞ പ്രതികളെ പിടികൂടാനായില്ല.
തുടർന്നാണ് രാജേഷ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ച് പ്രതികളെ പിടികൂടിയത്.