കല്‍പ്പറ്റ: എക്‌സൈസ് സംഘം വയനാട്ടിലെ ബാവലി ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കളാണ് പിടിയിലായത്. ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ 204 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്.
യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോണ്‍ കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളില്‍ ഇന്‍സുലേഷന്‍ ടേപ്പ് വച്ച് ഒട്ടിച്ച് വച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. വയനാട് സ്വദേശികളായ ഫൈസല്‍ റാസി, മുഹമ്മദ് അസനൂല്‍ ഷാദുലി, സോബിന്‍ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെല്‍ബിന്‍ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്.
ബെംഗ്ലൂരുവില്‍ നിന്ന് വാങ്ങിയ മെത്താഫിറ്റമിന്‍ കല്‍പ്പറ്റ വൈത്തിരി മേഖലകളില്‍ ചില്ലറ വില്‍പ്പനക്കാണ് കൊണ്ടുവന്നതായിരുന്നു പ്രതികള്‍.
രണ്ട് ലക്ഷം രൂപയ്ക്ക് ബെംഗളൂരുവിലെ മൊത്ത വിതരണക്കാരനില്‍ നിന്നും വാങ്ങിയ മെത്താഫിറ്റമിന്‍ ഗ്രാമിന് 4000 രൂപ നിരക്കില്‍ ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂലൈ മാസം വയനാട് ജില്ലയില്‍ എക്‌സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ ലഹരി മരുന്ന് കേസ് ആണിത്. 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് യുവാക്കള്‍ നടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post