അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും, ഷിരൂരില്‍ ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകളുടെ നേതൃത്വത്തില്‍ തെരച്ചില്‍

കര, നാവിക സേനകള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തും. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഇന്നും തെരച്ചില്‍ തുടരും. ഗംഗാവലി നദിയില്‍ ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുക. കര, നാവിക സേനകള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തും. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും.

നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു.

അതേസമയം, അര്‍ജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്‌കാനര്‍ ഇന്ന് ഷിരൂരിലെത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്.

ഡ്രോണ്‍ സംവിധാനത്തില്‍ സ്‌കാനര്‍ ഘടിപ്പിച്ചാണ് പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നുവെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം വേര്‍തിരിച്ച് അറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണിത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Exit mobile version