ആലപ്പുഴ: കപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കേരളം. ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്‌ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ നിന്നാണ് ദുരൂഹ സാഹചര്യത്തിൽ പുന്നപ്ര സ്വദേശിയായ യുവാവിനെ കാണാതായത്.
പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും ഇളയ മകൻ വിഷ്ണു ബാബു(25)വിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ കാണാതായത്. വിഷ്ണു അന്നേദിവസം വൈകുന്നേരം ഏഴരയോടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പിറ്റേന്നാണ് വിഷ്ണുവിനെ രാത്രിയോടെ കാണാതായെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോൺ വിളി എത്തിയത്.
കപ്പലിന്റെ ഡെക്കിൽ വിഷ്ണുവിന്റെ ചെരിപ്പുകളും അൽപം അകലെയായി കാൽപ്പാടുകളും കണ്ടെന്നാണു ലഭിക്കുന്ന വിവരം. വിഷ്ണു കടലിൽ വീണെന്നാണു കപ്പൽ അധികൃതരുടെ നിഗമനം. അപകടമാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. ബുധനാഴ്ച ഫോണിൽ സംസാരിക്കുമ്പോൾ വിഷ്ണു സന്തോഷവാനായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ ഡാൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടേതാണ് ഈ ചരക്കുകപ്പൽ. കപ്പലിൽ ട്രെയ്‌നി വൈപ്പറായി കഴിഞ്ഞ മേയ് 25നാണ് വിഷ്ണു ജോലിക്കു കയറിയത്. വിഷ്ണുവിനെ കാണാതാവുമ്പോൾ കപ്പൽ മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിലായിരുന്നു. വിഷ്ണുവിനെ കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്തം മലേഷ്യയോ സിംഗപ്പൂരോ ഏറ്റെടുക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. കപ്പൽ ഇപ്പോൾ സിംഗപ്പൂരിലാണ്.
ALSO READ- കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്; 10 വർഷമായിട്ട് എംയിസ് പോലെയുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാറില്ല: കെ സുരേന്ദ്രൻ
വിഷ്ണുവിനെ കണ്ടെത്താൻ സംസ്ഥാനം ഇടപെടണമെന്ന് അഭ്യർഥിച്ചു പിതാവ് ബാബു കരുണാകരൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.
Discussion about this post