ചില്ല് പൊട്ടിച്ചും ഡോർ തുറന്നും രക്ഷിക്കാനായില്ല; കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യാശ്രമമെന്ന് സംശയം

ഇടുക്കി: കുമളിയിൽ കാർ കത്തി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയ് സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് 66 മൈലിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം സംഭവിച്ചത്. നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാൽ രക്ഷാപ്രവർത്തനം വിജയം കണ്ടില്ല.

നാട്ടുകാരും പൊലീസും ചേർന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഫയർ ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കാറിനു തീ പിടിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും കാറിൽ പരിശോധന നടത്തും. റോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നാണ് പോലീസ് സംശയം.
ALSO READ- കേരളത്തിന് അവഗണന; അനുവദിച്ചത് കേന്ദ്രമന്ത്രിമാരെ മാത്രമെന്ന് പ്രതിപക്ഷം; ‘അവർ ആരോപിച്ചോട്ടെ’ എന്ന് സുരേഷ് ഗോപി

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിർത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന റോയിയെ പുറത്തിറക്കാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് ഇതുവഴി വന്ന കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിന്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു. തീ ആളിക്കത്തിയതിനാൽ ഇരുവർക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

Exit mobile version