ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തിനെ പൂർണമായും തഴഞ്ഞെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.
അതേസമയം ഈ ബജറ്റ് വട്ടപൂജ്യമാണെന്നും പ്രതിപക്ഷം ഒന്നിച്ച് നിന്ന് എതിർക്കുമെന്നും കോൺഗ്രസ് എംപി കെ സുധാകരൻ പറഞ്ഞു. കേരളത്തിൽ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം ബിജെപി മറന്ന മട്ടാണെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു.
കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ കേന്ദ്രം ഇത്തവണയും പരിഗണിച്ചില്ല. തൃശ്ശൂർ എംപി കൂടിയായ സുരേഷ് ഗോപി സംസ്ഥാനത്ത് എയിംസ് വരുമെന്ന തരത്തിൽ നിരവധി തവണ പ്രസ്താവനകൾ നടത്തിയിരുന്നു.