ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ ഇനിയും കണ്ടെത്താനായില്ല. അർജുൻ ഓടിച്ചിരുന്ന ലോറി കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് തെരച്ചിൽ നടത്തുന്ന സൈന്യം സ്ഥിരീകരിച്ചു.
ഇത്രയും ദിനങ്ങൾ റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു പരിശോധന നടത്തിയത്. എന്നാൽ കരയിലെ മണ്ണിനടിയിൽ ലോറിയില്ലെന്ന് ഇന്നലെ തന്നെ കർണാടക വ്യക്തമാക്കിയിരുന്നു. സൈന്യം എത്തി നടത്തിയ തിരച്ചിലിലും ലോറിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകാമെന്നാണ് സൈന്യത്തിന്റെ നിഗമനം. നദിക്കരയിൽ നിന്ന് തന്നെ ഒരു സിഗ്‌നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് പരിശോധിക്കുകയാണ് ഒരു സംഘം. ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്.
അർജുന്റെ ലോറി റോഡരികിൽ നിർത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ തിരച്ചിൽ നടത്തിയത്. ഏഴാം ദിവസത്തിലും പരിശോധന തുടരുകയാണ്. റഡാർ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നൽ കണ്ടെത്താൻ ഈ റഡാറിന് ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയായിരിക്കുകയാണ്.
സ്‌കൂബ ഡൈവിംഗ് സംഘം നദിയിൽ തിരച്ചിൽ തുടരുകയാണ് ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യത പങ്കുവെയ്ക്കുകയാണ് സൈന്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.