കോഴിക്കോട്: അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) രോഗത്തെ പ്രതിരോധിച്ച് വീണ്ടും കേരളത്തിന്റെ ആരോഗ്യരംഗം വാർത്തകളിൽ താരമാകുന്നു. കോഴിക്കോട് സ്വദേശിയായ 14കാരൻ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗത്തിൽ നിന്നും മുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്.
രാജ്യത്ത് തന്നെ അപൂർവമായാണ് ഇത്തരത്തിൽ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ അമീബിക് മസ്തിഷ്‌ക ജ്വരത്തെ പരാജയപ്പെടുത്തിയിട്ടുള്ളത് 11 പേർ മാത്രമാണ്. 97 ശതമാനമാണ് ഈ രോഗത്തിന്റെ മരണനിരക്ക്. കൃത്യമായ ഇടപെടൽ നടത്തിയ കേരളത്തിലെ ആരോഗ്യപ്രവർത്തകരാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ഇവരുടെ ഏകോപനത്തിനേയും ചികിത്സയേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ്, മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി എത്തിച്ച 14കാരന്റെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകൾ അറിയിക്കുകയും ചെയ്തു.
അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് Miltefosine മരുന്ന് പ്രത്യേകമായി എത്തിച്ച് നൽകുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്.
കുട്ടിക്ക് നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതും കൊണ്ടാണ് രോഗമുക്തി അതിവേഗത്തിൽ കൈവരിക്കാൻ സാധിച്ചത്.
Discussion about this post