‘അർജുനെ തിരയാൻ 20 മലയാളികൾ മതി’; കർണാടക പോലീസും രക്ഷാപ്രവർത്തകരും തമ്മിൽ തർക്കം; റഡാറിൽ രണ്ട് സിഗ്‌നലുകൾ

അങ്കോല: കർണാടകയിൽ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി എത്തിയ മലയാളി രക്ഷാപ്രവർത്തകരും കർണാടക പോലീസും തമ്മിൽ വീണ്ടും തർക്കം. രക്ഷാപ്രവർത്തനം നടത്തുന്നവരിൽ കേരളത്തിൽ നിന്നുള്ള 20 പേർ മാത്രം മതിയെന്ന് കർണാടക പോലീസ് അറിയിച്ചതാണ് തർക്കത്തിന് കാരണമായത്.

ഒരുസമയം തിരച്ചിൽ നടക്കുമ്പോൾ കേരളത്തിൽനിന്നുള്ള 20 പേർ മതിയെന്നാണ് നിർദേശം. ശക്തമായ മഴയാണ് പ്രദേശത്തെന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷാപ്രശ്‌നങ്ങൾ മുൻനിർത്തിയാണ് ഈ നിർദേശമെന്നാണ് പോലീസ് വിശദീകരിച്ചത്.

എന്നാൽ ഇക്കാര്യത്തെ ചൊല്ലി പോലീസ് രക്ഷാപ്രവർത്തകരോട് ആക്രോശിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിലും രോഷം ഉയരുകയാണ്. അതേസമയം, നിലവിൽ പോലീസും രക്ഷാപ്രവർത്തകരും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നം പരിഹരിച്ചതായി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേൽ പറഞ്ഞു. എസ്പിയെ വിളിച്ച് സംസാരിച്ചപ്പോൾ എല്ലാം പ്രശ്‌നങ്ങളും പരിഹരിച്ചെന്നാണ് രഞ്ജിത്ത് പറയുന്നത്.

ALSO READ- വഴക്കിട്ടതിന് പിന്നാലെ മരിയ ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ് ഭർത്താവ് ആശുപത്രിയിൽ ജീവനൊടുക്കി; അനാഥരായി പിഞ്ചുമക്കൾ

ഇതിനിടെ മദ്രാസ് റെജിമെന്റിൽനിന്ന് എത്തിച്ച റഡാറിൽ രണ്ട് സിഗ്‌നലുകൾ ലഭിച്ചിട്ടുണ്ട്. എട്ട് മീറ്റർ ആഴത്തിൽ ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് സിഗ്‌നലിൽ കാണിക്കുന്നത്. മണ്ണിനടിയിൽനിന്ന് ലഭിച്ച സിഗ്‌നൽ ലോറിയുടേതാകാമെന്നാണ് സംശയം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരുടെ വാക്കുകൾ.

Exit mobile version