ബംഗളൂരു: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി പുഴയില്‍ തെരച്ചില്‍ നടത്തി സ്‌കൂബ ഡൈവേഴേ്‌സ്. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുകയാണ്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയിലാണ് സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. സൈന്യത്തിന്റെ ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉടനെത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇത് ഉപയോഗിച്ച് സൈന്യം ആദ്യം കരയില്‍ തെരച്ചില്‍ നടത്തും. ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.
അതേസമയം, അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നദിക്കരയില്‍ ആ സമയത്ത് ഏതൊക്കെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കും. സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അര്‍ജുന്റെ ലോറി സംഭവ സ്ഥലത്തേക്ക് കടന്നുവന്നു എന്ന് സിസിടിവിയില്‍ വ്യക്തമാണ്.