കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതി രണ്ടു ദിവസമായി അതീവ ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്.
ഈ മാസം 10ന് ആണ് നിപ സ്ഥിരീകരിച്ച കുട്ടിക്ക് പനി ബാധിച്ചത്. 14 വയസ്സുകാരന്റെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിള്‍ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിക്കുന്നത്.