ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ രക്ഷാദൗത്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. നിലവിലുള്ള തിരച്ചില്‍ ഊര്‍ജിതമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്.രക്ഷാദൗത്യത്തിന് കേന്ദ്ര, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അര്‍ജുനെ കണ്ടെത്താനായി കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ല.
അര്‍ജുന്‍ മണ്ണിനിടിയില്‍ പെട്ട ദിവസം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അടക്കം പരാമര്‍ശിച്ചാണ് ഹര്‍ജി. യുദ്ധകാലാടിസ്ഥാനത്തില്‍ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അതിനായി കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടു വന്നാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് മണ്ണുനീക്കല്‍ പുരോഗമിക്കുന്നത്. എന്നാല്‍ മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയാണ്.
Discussion about this post