മലപ്പുറത്ത് നിപ; കര്‍ശന നിയന്ത്രണം ഇന്ന് മുതല്‍, കുട്ടിയുടെ ആരോഗ്യനില ഗുരുതരം

നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

വിവാഹം, സല്‍ക്കാരം അടക്കമുള്ള പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് അനുവാദം. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും. മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം, തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്.

ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

Exit mobile version