തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തി കുറഞ്ഞ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 ആം തീയതിയും കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ തുടരുമെങ്കിലും അതിശക്തമായ മഴക്കുള്ള സാധ്യത കുറവാണ്. ഈ മാസം അവസാനത്തോടെ വീണ്ടും വടക്കൻ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
Discussion about this post