കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോടും മലപ്പുറത്തും കൂടുതൽ ജാഗ്രത വേണമെന്നു മന്ത്രി അറിയിച്ചു. പാണ്ടിക്കാട് പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ചതോടെ മൂന്ന് കി.മീ ചുറ്റളവിൽ ജാഗ്രതാ നിർദേശം നൽകുകയും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു.
നാലാം തവണയും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സംഭവത്തിൽ ഭയം വേണ്ടെന്നും എല്ലാ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനയിൽ നിപ്പ സ്ഥിരീകരിച്ചതോടെ കുട്ടിയെ കൂടുതൽ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കം. നിലവിൽ കുട്ടി വെന്റിലേറ്ററിലാണ്. നിരീക്ഷണത്തിലുള്ള ഒരാൾക്ക് പനി ലക്ഷണങ്ങളുണ്ട്.
also read- അർജുൻ കാണാമറയത്ത്; പരിശോധിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ല; രണ്ടാം ഘട്ട പരിശോധന ആരംഭിച്ചു; 60 ശതമാനം സാധ്യതയെന്ന് രക്ഷാപ്രവർത്തകർ
ഇന്നെടുത്ത സാംപിളിന്റെ ഫലം പുണെ വൈറോളജി ലാബിൽ നിന്നും വരാനുണ്ട്. നിപയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് പുണെയിലെ വൈറോളജി ലാബാണ്. ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവിൽ മുൻകരുതലിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ മുപ്പത് മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുമായി സമ്പർക്കത്തിലായവരുടെ പട്ടിക തയാറാക്കുന്നുണ്ട്. മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു. വിദേശത്തുനിന്ന് വാങ്ങിയ ആന്റിബോഡി നാളെ പുണെയിൽ നിന്നെത്തുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post