ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായെന്നു കരുതുന്ന അർജുന് വേണ്ടി തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിന് മഴ കനത്ത വെല്ലുവിളിയാകുന്നുണ്ട്. ആദ്യഘട്ടപരിശോധനയിൽ റഡാറിൽ കണ്ട സിഗ്നൽ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ഇവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല.
അതേസമയം, രണ്ടാം ഘട്ട റഡാർ പരിശോധനയിൽ ട്രക്ക് ഉണ്ടെന്നു കരുതുന്ന മറ്റൊരു പ്രദേശം കണ്ടെത്തിയിരിക്കുകയാണ്. ഇവിടെ മണ്ണിനടിയിൽ ലോറി ഉണ്ടാവാൻ 60 ശതമാനം സാധ്യതയെന്ന് അധികൃതർ പറയുന്നു. ഇവിടെ മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അർജുനായുള്ള തിരച്ചിൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അപകടം നടന്ന പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നതിനാൽ മണ്ണ് നീക്കം പ്രയാസത്തിലാണ്. കൂടുതൽ മനുഷ്യശേഷി വേണ്ടി വരുമെന്നും ജെസിബി എത്തിക്കുന്നത് പ്രയാസമാണെന്നും സംസ്ഥാന ദുരന്തനിവാരണ സമിതി അംഗം ശേഖർ കുര്യാക്കോസ് പറഞ്ഞു.
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലം സന്ദർശിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ എല്ലാ സഹായവും കേന്ദ്രം നൽകുമെന്നും രാഷ്ട്രീയ ആരോപണം ഉന്നയിക്കാൻ ഇല്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
Discussion about this post