മലപ്പുറം: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14കാരന് നിപ സ്ഥിരീകരിച്ചു. നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനു ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചതെന്നും മന്ത്രി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പ് പനി ബാധിച്ച് കുട്ടി പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ദന്റെ അടുത്ത് ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂർച്ഛിച്ചതോടെ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്നാണ് 19-ന് രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗ ഉറവിടത്തെ കുറിച്ച് സൂചന ഒന്നുമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.