മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്ന 14കാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സാമ്പിൾ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ചെള്ളുപനി പിടിപെടും.
അതേസമയം, കുട്ടിയുടെ സ്രവം പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിട്ടുണ്ട്. പരിശോധനഫലം വൈകീട്ടോടെ എത്തുമെന്നാണ് കരുതുന്നത്. നിപ രോഗ ലക്ഷണങ്ങളുള്ള 14 കാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഐസൊലേഷനിലാണ്. രോഗം സംശയിക്കുന്ന കുട്ടിയുടെ റൂട്ട് മാപ് തയാറാക്കി വരികയാണ്. സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ജാഗ്രതാനടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വൈകുന്നേരത്തോടെ ആരോഗ്യമന്ത്രി മലപ്പുറത്ത് എത്തും. കുട്ടിക്ക് ഇതുവരെ നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ യോഗം ചേർന്നു.