മഴ അവധി ചോദിച്ചുള്ള തമാശ കമന്റുകൾക്കിടെ ആത്മഹത്യാ ഭീഷണിയും അസഭ്യവും; വിദ്യാർഥികളെ വിളിച്ചുവരുത്തി ഉപദേശിച്ച് ജില്ലാകളക്ടർ

പത്തനംതിട്ട: മഴക്കാലത്ത് മറ്റ് ജില്ലകളിലെ അവധി പ്രഖ്യാപനങ്ങൾ കണ്ട് സ്വന്തം ജില്ലയിലെ കളക്ടറുടെ പേജ് കയറി നോക്കാത്ത വിദ്യാർഥികൾ കുറവായിരിക്കും. അവധിക്ക് വേണ്ടി കളക്ടറുടെ കാലുപിടിച്ചും തമാശകൾ പറഞ്ഞും കമന്റ് ബോക്‌സിൽ വിദ്യാർഥികൾ ട്രോൾപൂരമാക്കാറുമുണ്ട്. എന്നാൽ ഈ തമാശകളൊക്കെ അതിരുവിട്ട് വ്യക്തി അധിക്ഷേപത്തിലേക്കും ആത്മഹത്യാഭീഷണിയിലേക്കും ഒക്കെ നീങ്ങുന്നത് കണ്ടതോടെ ഇടപെട്ടിരിക്കുകയാണ് പത്തനംതിട്ട ജില്ലാകളക്ടർ.

പത്തനംതിട്ട കളക്ടർ എസ് പ്രേംകൃഷ്ണൻ ആണ് കുട്ടികളിലെ അതിരുവിട്ട തമാശകളെ കുട്ടിക്കളിയായി കാണാതെ അവരെ ഉപദേശിച്ച് തിരുത്താമെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി മോശം കമന്റുകളിട്ട വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളേയും വിളിച്ചുവരുത്തി ഉപദേശം നൽകിയിരിക്കുകയാണ് പ്രേംകൃഷ്ണൻ ഐഎഎസ്.

ഔദ്യോഗിക പേജിലെ കമന്റുകൾ പിന്നീട് വ്യക്തിഗത പേജിലേക്കും കടന്ന് ആത്മഹത്യാഭീഷണിയും അസഭ്യവുമായി നിറഞ്ഞപ്പോഴാണ് ഇടപെട്ടതെന്ന് കളക്ടർ പറയുന്നു. അസഭ്യകമന്റുകൾ കളക്ടർ സൈബർ സെല്ലിന് കൈമാറിയപ്പോഴാണ് 15 വയസ്സിൽ താഴെയുള്ള വിദ്യാർഥികളാണ് ഇത്തരം കമന്റിന് പിന്നിലെന്നു കണ്ടെത്തിയത്. തുടർന്നാണ് കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി ഉപദേശിച്ചതെന്നും ഇത് ശരിയായ രീതിയല്ല, അവധി നൽകാൻ പ്രോട്ടക്കോൾ ഉണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു എന്നും കളക്ടർ പറയുന്നു.

ALSO READ-മൂന്നൂദിവസത്തെ അവധി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല, അട്ടപ്പാടിയില്‍ കാണാതായ രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍

കഴിഞ്ഞ രണ്ടുദിവസമായി രണ്ട് കുട്ടികളെയും മാതാപിതാക്കളെയും വിളിച്ചുവരുത്തുകയായിരുന്നു. രക്ഷിതാക്കളുടെ പ്രൊഫൈലിൽ കയറിയും കുട്ടികൾ കമന്റ് ഇടാറുണ്ട്. രാത്രി പന്ത്രണ്ട് മണിക്കൊക്കെ മൊബൈൽ നമ്പറിൽ വിളിച്ച് രക്ഷിതാവെന്ന വ്യാജേന കുട്ടികൾ ശബ്ദം മാറ്റി അവധി വേണമെന്ന് പറയാറുണ്ടെന്നും കളക്ടർ പറഞ്ഞു. കുട്ടികളുടെ രസകരമായ കമന്റുകൾ ആസ്വദിക്കാറുണ്ട്. എന്നാൽ അതിരുവിടുന്ന കമന്റുകൾ അപകടമാണെന്ന് കളക്ടർ വ്യക്തമാക്കി.

Exit mobile version