തേയില ഫാക്ടറിയിലെ ജോലിക്കിടെ യന്ത്രത്തില്‍ തല കുടുങ്ങി, 37കാരന് ദാരുണാന്ത്യം

death|bignewslive

തൊടുപുഴ: തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ പീരുമേടിലാണ് സംഭവം. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് ആണ് മരിച്ചത്.

മുപ്പത്തിയേഴ് വയസ്സായിരുന്നു. വെള്ളിയാഴ്ചയാണ് ദാരുണ സംഭവം. ഫാക്ടറിയിലെ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിലാണ് തല കുടുങ്ങിയത്. യന്ത്രത്തിന്റെ വാതില്‍ കൃത്യമായ ഇടവേളകളില്‍ തുറക്കുകയും അകയ്ക്കുകയും ചെയ്യും.

യന്ത്രത്തിനുള്ളില്‍ അടിയുന്ന തേയില തൊഴിലാളികള്‍ ഇതിനിടെയാണ് മാറ്റുന്നത്. ഇത്തരത്തില്‍ തേയില മാറ്റുന്നതിനിടെ വാതില്‍ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു.

ഉടന്‍ തന്നെ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

രാജേഷിന്റെ സംസ്‌കാരം ഇന്നു രാവിലെ 10ന് പട്ടുമല പൊതുശ്മശാനത്തില്‍ നടക്കും. ഭാര്യ: സുധ. മക്കള്‍: സൗപര്‍ണിക, സിദ്ധാര്‍ഥ്.

Exit mobile version