ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ പുനഃരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നിര്‍ത്തിയ തെരച്ചിലാണ് ഇന്ന് രാവിലെ മുതല്‍ പുനഃരാരംഭിച്ചത്.
വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചില്‍ അല്‍പസമയം കൂടി തുടരുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച അതിരാവിലെ മുതല്‍ തെരച്ചില്‍ തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചത്. റഡാര്‍ ഉപയോഗിച്ചായിരിക്കും തെരച്ചില്‍ നടത്തുക.
രാവിലെ തന്നെ റഡാര്‍ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാര്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, അഗ്‌നിശമനസേന സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാദൗത്യം തുടരുക.
Discussion about this post