ബംഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയാണ് ലോറി ഇപ്പോഴുള്ളതെന്നും പുഴയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ലെന്നുമാണ് കണ്ടെത്തൽ.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തി. ദുരന്തനിവാരണ സേനയെ വിന്യസിക്കണമായിരുന്നു എന്നും അത് വെള്ളപ്പൊക്കമോ കടൽക്ഷോഭമോ വരുമ്പോൾ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ അവരെ കൊണ്ടുവരാൻ സാധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഷയത്തിൽ കേരള സർക്കാരിനെ കുറ്റം പറയാൻ പറ്റില്ലെന്നും അത് നമ്മുടെ പരിധിയിലുള്ള സ്ഥലമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ‘നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടൽക്ഷോപമോ വരുമ്പോൾ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ അവരെ കൊണ്ടുവരാൻ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തിൽ കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന ആർജവമാണ് പ്രധാനം. ആ ആർജവം കാട്ടിയിട്ടുണ്ടെങ്കിൽ ഇത് നടക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് നടന്നില്ലായെന്നുള്ളതിന് വിലയിരുത്തൽ ഉണ്ടാകണം’, സുരേഷ് ഗോപി പ്രതികരിക്കുന്നു.
ALSO READ- മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; അബ്കാരി നിയമം ലംഘിച്ച ബോബി ചെമ്മണ്ണൂരിന് എതിരെ കേസെടുത്തു
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയിൽ നിന്നുള്ള ജിപിഎസ് സിഗ്‌നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്നാണ്. അർജുൻ തിരിച്ചെത്താത്തതിനാൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ടതാകാമെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം, ഉത്തരകർണാടകയിലെ അങ്കോളയിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മൂന്നാംദിവസവും തിരച്ചിൽ തുടരുകയാണ്. നേരത്തെ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉൾപ്പെടെ പത്ത് മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
Discussion about this post