ആലപ്പുഴ: കെഎസ്ഇബി ഓഫീസുകളിൽ ഉപഭോക്താക്കളുടെ അതിക്രമമേറിയതോടെ ഇനി മുതൽ സിസിടിവി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാൻ തീരുമാനം. കെഎസ്ഇബി ഓഫീസുകളിൽ ശബ്ദമടക്കം റെക്കോഡ് ചെയ്യുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ലാൻഡ് ഫോണുകളിലൂടെയുള്ള സംസാരം റെക്കോഡുചെയ്യാനും സംവിധാനമൊരുക്കാനാണ് പദ്ധതി.
കെഎസ്ഇബി ഓഫീസുകൾക്കും ജീവനക്കാർക്കുമെതിരേയുള്ള അതിക്രമം കോടതിയിൽ തെളിയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണു ഈ നടപടി. റിസപ്ഷൻ കൗണ്ടർ, ഫ്രണ്ട് ഓഫീസ് എന്നിവിടങ്ങളിലാകും ക്യാമറ സ്ഥാപിക്കുക. വിതരണ എസ്ബിയു ഓഫീസുകളിലെ ലാൻഡ്ഫോണുകളിലെത്തുന്ന എല്ലാ കോളുകളും റെക്കോഡ് ചെയ്യും. ജീവനക്കാരോടു മോശമായി സംസാരിച്ചാൽ അതുവഴി നടപടിയെടുക്കാനാകും.
കൂടാതെ, അധിക്ഷേപിക്കുന്ന ആളുകൾക്കെതിരേ ജീവനക്കാർക്ക് പരാതി നൽകാവുന്നതാണ്. അധികാര പരിധിയിലുള്ള ഓഫീസുകളിൽ ശബ്ദവും റെക്കോഡ് ചെയ്യാവുന്ന സിസിടിവി ക്യാമറ സ്ഥാപിക്കാൻ ചീഫ് എൻജിനിയർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.