തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. നേരത്തെ കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും 40 അംഗ സംഘമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉച്ചയോടെ നാവിക സേനയുടെ എട്ട് അംഗ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡൈവര്‍മാരുടെ വിദഗ്ധസംഘം ആണ് എത്തിയത്.
വെള്ളത്തിനടിയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടോ എന്നറിയാന്‍ പുഴയില്‍ ഡൈവര്‍മാരെ നിയോഗിക്കാന്‍ കാര്‍വാറിലെ നേവല്‍ബേസിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് നാവിക സേന ഡൈവിങ് സംഘം സ്ഥലത്ത് എത്തിയത്. വെള്ളത്തില്‍ നേരിട്ട് ഇറങ്ങാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
റബ്ബര്‍ ട്യൂബ് ബോട്ടുകളാണ് നിലവിലുള്ളത്. ഗംഗാവലിപ്പുഴയില്‍ നല്ല ഒഴുക്കുണ്ട്. അത് മുറിച്ചു കടക്കാന്‍ പറ്റിയ ബോട്ടുകള്‍ ഉടന്‍ എത്തിക്കും. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ ആരംഭിക്കും.
അര്‍ജുനെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അര്ജുന് കുടുങ്ങിക്കിടക്കുന്നതെന്നും കേരളത്തിലെ സര്‍ക്കാരും ഞാനും അറിഞ്ഞത് ഇന്നാണെന്നം മന്ത്രി കെബി ഗണേഷ്കുമാര് പറഞ്ഞു.
കര്‍ണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചു. ചെറിയ മണ്ണിടിച്ചില്‍ അല്ല, വലിയ മണ്ണിടിച്ചില്‍ ആണ്. വെള്ളത്തിനിടയില്‍ ആണെങ്കില്‍ ജി പി എസ് കിട്ടില്ല. ലോറി മണ്ണിനടയില്‍ ആകാനാണ് സാധ്യത. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
Discussion about this post