അര്‍ജുനെ കാത്ത് കുടുംബം, രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി; മേഖലയില്‍ കനത്ത മഴ തുടരുന്നു

ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയാണ്.

ബെംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയാണ്. എന്‍ഡിആര്‍എഫും പോലീസും തെരച്ചില്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.

നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവര്‍മാര്‍ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍വാര്‍ നാവികസേന ബേസ് കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാന്‍ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം, രക്ഷാ പ്രവര്‍ത്തനത്തിന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ സംഭവം സ്ഥലത്തേക്ക് തിരിക്കും.

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാന്‍ കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടല്‍ ശക്തമാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

Exit mobile version