അർജുനോട് തിങ്കളാഴ്ചയും സംസാരിച്ചിരുന്നതായി ഭാര്യ; ലോറിയിലെ സിഗ്നലുകൾ അപകടം നടന്ന സ്ഥലത്തുതന്നെ, രക്ഷിക്കണമെന്ന് സഹോദരി; മുഖ്യമന്ത്രിയുടെ ഇടപെടൽ

കോഴിക്കോട്: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവറായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ രക്ഷിക്കാൻ ഊർജിതമായ നടപടി സ്വീകരിക്കണമെന്ന് സഹോദരി. ഇതുവരെ അർജുനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മൂന്നുദിവസം മുമ്പ് കർണാടകയിലെ അങ്കോളയിൽ ദേശീയപാതയിലേക്ക് കുന്നിടിഞ്ഞ് വീണാണ് വലിയ മണ്ണിടിച്ചിലുണ്ടായത്.

ഇവിടെ മണ്ണിനടിയിൽ നിന്നാണ് അർജുൻ ഓടിച്ചിരുന്ന ലോറിയിൽനിന്നുള്ള ജിപിഎസ് സിഗ്‌നൽ ഒടുവിലായി ലഭിച്ചത്. അവിടെ രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മണ്ണ് മാറ്റി റോഡിലെ തടസ്സം നീക്കാനുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള നടപടികൾ എത്രയുംപെട്ടെന്ന് സ്വീകരിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു.

അർജുൻ എട്ടാം തിയ്യതിയാണ് വീട്ടിൽനിന്ന് പോയത്. 15-ാം തിയ്യതി രാത്രിവരെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. ലോറിയുടെ മറ്റൊരു ഡ്രൈവറുമായും അർജുൻ സംസാരിച്ചിരുന്നുവെന്നും അവർ അറിയിച്ചു.

സ്ഥിരമായി കർണാടകയിലേക്ക് പോയി വരുന്ന ലോറിയിലെ ഡ്രൈവറാണ് അർജുൻ. രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ടെന്നും കുടുംബം പറയുന്നു. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

ALSO READ-അര്‍ജുനെ കാത്ത് കുടുംബം, രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി; മേഖലയില്‍ കനത്ത മഴ തുടരുന്നു

വ്യാഴാഴ്ച വൈകീട്ട് വിവരം അറിഞ്ഞ ഉടനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽനിന്നും എസ്ഡിഎംഎയിൽനിന്നും കർണാടക സർക്കാരിന് അടിയന്തരമായ സന്ദേശം അയച്ചിരുന്നു. വെള്ളിയാഴ്ച രാവിലേയും അവരുമായി ബന്ധപ്പെട്ടു. തിരച്ചിലിന് വേഗത പോരെന്ന അർജുന്റെ ബന്ധുക്കളുടേയും യൂണിയൻകാരുടേയും പരാതി കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെന്നും ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Exit mobile version