ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം

ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

എറണാകുളം: ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് തൃപ്പൂണിത്തുറയില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാര്‍ ഡ്രൈവറാണ് തന്നെ മര്‍ദിച്ചതെന്ന് സുബൈര്‍ പറഞ്ഞു.

എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോ ഡ്രൈവറാണ് സുബൈര്‍. എറണാംകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സര്‍വീസിനിടയിലാണ് സംഭവം. രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. തൃപ്പൂണിത്തുറ ജംഗ്ഷനില്‍ വെച്ച് ഇന്നോവ കാര്‍ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറില്‍ നിന്നൊരാള്‍ ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആംഗ്യം കാണിച്ചുവെന്ന് സുബൈര്‍ പറയുന്നു.

തൊട്ടടുത്ത് ബസ് സ്റ്റോപ്പായിരുന്നു. ഇവിടെ നിര്‍ത്തി ആളെക്കയറ്റി മുന്നോട്ട് യാത്ര തുടര്‍ന്നതോടെ മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബസ്സിന്റെ ഡോര്‍ തുറന്ന് കയറി ഒരാള്‍ മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു. മര്‍ദനത്തില്‍ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സയിലാണ് ഡ്രൈവര്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version