ആലപ്പുഴ: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമലയാറുകള്‍ കര കവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
മൂന്ന് ദിവസത്തിനുള്ളില്‍ പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നിട്ടുണ്ട്. പമ്പ, മണിമലയാറുകള്‍ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
മുട്ടാര്‍ പഞ്ചായത്തില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുതിരച്ചാല്‍ പുതുവല്‍ പ്രദേശത്തെ 16 ഓളം വീടുകളില്‍ വെള്ളം കയറി. രണ്ടര ആഴ്ചക്കുളില്‍ രണ്ടാം തവണയാണ് കുതിരച്ചാല്‍ പുതുവല്‍ പ്രദേശത്തെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുന്നത്.
നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. തകഴി പഞ്ചായത്തിലും ഇന്നലെ വൈകിട്ട് മുതല്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിരുന്നു. കുട്ടനാട്ടിലെ പ്രധാന പാതകള്‍ ഉള്‍പ്പെടെ ഇട റോഡുകളും വെള്ളത്തില്‍ മുങ്ങുകയാണ്. തായങ്കരി – കൊടുപ്പുന്ന റോഡില്‍ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പില്‍ മുട്ട് ഭാഗത്തും, നീരേറ്റുപുറം – കിടങ്ങാ റോഡില്‍ മുട്ടാര്‍ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്.