ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

കുഞ്ഞൂഞ്ഞ് ഇല്ലാത്ത കേരള രാഷ്ട്രീയവും ഒരുവര്‍ഷം പിന്നിടുകയാണ്.

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മക്ക് ഇന്ന് ഒരാണ്ട്. കുഞ്ഞൂഞ്ഞ് ഇല്ലാത്ത കേരള രാഷ്ട്രീയവും ഒരുവര്‍ഷം പിന്നിടുകയാണ്. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് അനുസ്മരിക്കുന്നത്.

രാവിലെ 10 മണി മുതല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും.

രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ജൂലൈ 18 രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം : സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ തോമസ് ഐസക്, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സി.പി.ജോണ്‍, പി.കെ.രാജശേഖരന്‍, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകുന്നേരം 3.30ന് അതേ വേദിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.എ.ബേബി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, കെ.മുരളീധരന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.വിന്‍സന്റ് എം.എല്‍.എ, ജോണ്‍ മുണ്ടക്കയം, എം.എസ്.ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം വാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം.എം.ഹസ്സന്‍ നിര്‍വ്വഹിക്കും.

ഉമ്മന്‍ ചാണ്ടി ജീവകാരുണ്യ പുരസ്‌കാര വിതരണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ഡോ.ശശി തരൂര്‍ എം.പി നിര്‍വ്വഹിക്കും. ജീവകാരുണ്യ മേഖലയില്‍ പ്രശംസനീയ പ്രവര്‍ത്തനം നടത്തുന്ന ജില്ലയിലെ രണ്ടു സ്ഥാപനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി കാരുണ്യ പുരസ്‌കാരം സമ്മാനിക്കുന്നത്.

Exit mobile version