തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച റെയിൽവേയിലെ താൽക്കാലിയ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി സ്വീകരിച്ചുകൊണ്ട് ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നൽകുമെന്നാണ് മേയർ അറിയിച്ചിരിക്കുന്നത്. വരുന്ന ദിവസം നഗരസഭാ കൗൺസിൽ ഔദ്യോഗികമായി തീരുമാനം അംഗീകരിച്ച് സർക്കാറിനെ അറിയിക്കും.
ജോയിയുടെ അമ്മയ്ക്ക് വീട് വെയ്ക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സ്ഥലം എംഎൽഎ സികെ ഹരീന്ദ്രനും പഞ്ചായത്തും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പത്തുലക്ഷം രൂപയുടെ ധനസഹായം ജോയിയുടെ കുടുംബത്തിന് കൈമാറാൻ തീരുമാനിച്ചിരുന്നു.