ചെറുതോണി: ഇടുക്കിയിൽ ചേലച്ചുവട് ബസ് സ്റ്റാൻഡിൽ പരിക്കേറ്റ് കിടന്ന യുവാവിന് ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കാതിരുന്നപ്പോൾ രക്ഷകരായി അവതരിച്ച് സ്കൂൾ വിദ്യാർഥികൾ. ആരും സഹായിക്കാനില്ലാതെ പരുക്കേറ്റ് രക്തം വാർന്നു കിടന്നയാളെ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് തലയ്ക്കു പരുക്കേറ്റു ചോര വാർന്ന് ബസ് സ്റ്റാൻഡിലെ ചെളിവെള്ളത്തിൽ കിടക്കുന്ന യുവാവിനെ വിദ്യാർഥികൾ കണ്ടത്. ചെളിവെള്ളത്തിൽ കിടക്കുകയായിരുന്ന യുവാവിനെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ല. ഇതുകണ്ട അഡോണും ജിൻസും സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് യുവാവിനെ സിഎസ്ഐ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ പരിക്ക് ഗുരുതരമാണെന്നും മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകണമെന്നും ഡോക്ടർമാർ നിർദേശിച്ചു. കുട്ടികൾ പോലീസ് ഹെൽപി ലൈനിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഇവർ തന്നെ പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കെത്തിച്ചു.
ആംബുലൻസ് ഡ്രൈവറുടെ ഫോണിൽ നിന്നും സ്വന്തം വീടുകളിൽ വിവരം അറിയിച്ച ഇവർ മെഡിക്കൽ കോളജിലെത്തിച്ച ശേഷം യുവാവിന്റെ ഫോണിൽ നിന്ന് സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. ആശുപത്രിയിൽ കൂട്ടുനിൽക്കാൻ ആളില്ലാത്തതിനാൽ തിരികെ പോകാനും വിദ്യാർഥികൾക്കായില്ല.
also read- ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു; 10 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ
പിന്നീട് ഇടുക്കി പോലീസ് എത്തി മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയേൽപിച്ച ശേഷം രാത്രിയിലാണ് കുട്ടികൾക്കു വീടുകളിലേക്ക് മടങ്ങിപ്പോയത്. തൃശൂർ സ്വദേശിയായ ജിസ്മോൻ എന്ന യുവാവായിരുന്നു അപകടത്തിൽപെട്ടത്. ബസ് സ്റ്റാൻഡിനു സമീപമുള്ള ചെളിയിൽ തെന്നി വീണ് അപകടത്തിൽപ്പെട്ടതായിരുന്നു. ആശുപത്രിയിൽ നിന്ന് ജിസ്മോൻ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.
ചേലച്ചുവട് പേയ്ക്കൽ സന്തോഷിന്റെ മകനാണ് അഡോൺ. വിച്ചാട്ട് സജിയുടെ മകനാണ് ജിൻസ്.
Discussion about this post