തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. ജോയിയെ രക്ഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ആര്യ പറഞ്ഞു.
ജോയിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കവെ മേയർ പൊട്ടിക്കരഞ്ഞത്.
ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മേയർ പ്രതികരിച്ചു. സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്‌തെന്നും വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് ആര്യ പറഞ്ഞു.
നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിന്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും സികെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞിരുന്നു.
അതേസമയം, സർക്കാർ ജോയിയുടെ കുടുംബത്തിന് വീടുവെച്ചു നൽകുമെന്നാണ് വിവരം. പത്ത് ലക്ഷം രൂപ ധനസഹായവും സഹോദരന്റെ മകന് ജോലിയും നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് അന്തിമതീരുമാനമുണ്ടാവുക.