ജോയിയുടെ അമ്മയ്ക്ക് വീടും പത്ത് ലക്ഷം രൂപ ധനസഹായവും; സഹോദരന്റെ മകന് ജോലിയും നൽകും; കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യുന്നതിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സംസ്ഥാനസർക്കാർ. ജോയിയുടെ അമ്മയ്ക്ക് വീടുവെച്ചു നൽകും. പത്തംലക്ഷം രൂപ ധനസഹായവും നൽകും. കൂടാതെ ജോയിയുടെ സഹോദരന്റെ മകന് ജോലി നൽകുമെന്നും പാറശാല എംഎൽഎ സികെ ഹരീന്ദ്രനും മേയർ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.

ജോയിയുടെ അമ്മയ്ക്ക് വീടുനിർമിച്ച് നൽകുന്നതിനൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴി ശരിയാക്കി നൽകുമെന്നും സർക്കാർ ഉറപ്പ് നൽകി. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന.

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായി 47 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തകരപ്പറമ്പിലെ കനാലിൽ പൈപ്പിൽ കുടുങ്ങിയനിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് തുടർനടപടികൾക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു.കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം പൊങ്ങിയത്.

ALSO READ-ഭാര്യ വീട്ടിൽ നിന്നും മടക്കം; ബസിൽ വെച്ച് നിയമവിദ്യാർഥിനിയെ കടന്നുപിടിച്ച് സർക്കാർ ജീവനക്കാരൻ; കേസെടുത്ത് പന്തളം പോലീസ്

കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായി നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് രാവിലെ 9.15-ഓടെ മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ശേഷം മൃതദേഹം നെയ്യാറ്റിൻകരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.

Exit mobile version