കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്, 7 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം ,എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരക്കും. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കാസര്‍കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ഇന്ന് അവധിയായിരിക്കും. കോളേജുകള്‍ക്ക് അവധി ബാധകമല്ല. മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാര്‍ഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Exit mobile version