അമ്പലപ്പുഴ: പഠിക്കേണ്ട പ്രായത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പഠനം എന്നുമൊരു സ്വപ്‌നമായി മനസിൽ അവശേഷിച്ചിരുന്ന ഗോപി ദാസിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ. തുല്യതാപരീക്ഷയിൽ വൻവിജയം നേടി പത്താംക്ലാസെന്ന കടമ്പ കടന്നിരിക്കുകയാണ് 77കാരനായ ഈ ആലപ്പുഴ സ്വദേശി.
മകൻ പഠിച്ച് പത്താം ക്ലാസ് വിദ്യാഭ്യാസം നേടണമെന്ന അമ്മയുടെ സ്വപ്‌നമാണ് ഗോപി ദാസ് തന്റെ വാർധക്യകാലത്ത് പൂർത്തിയാക്കിയിരിക്കുന്നത്. തുല്യതാ പരീക്ഷയിൽ മൂന്ന് എ പ്ലസുകളോടെയാണ് ഗോപി ദാസ് പത്താം ക്ലാസ് ജയിച്ചത്.
തുല്യതാ പരീക്ഷയെഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ഗോപിദാസിന് സ്വന്തമായി. പുന്നപ്ര വടക്ക് പഞ്ചായത്ത് താന്നിപ്പള്ളിച്ചിറ വീട്ടിൽ ഗോപിദാസ് ആണ് പ്രായത്തെ വെല്ലുവിളിച്ച് മികച്ച മാർക്കോടെ പത്താം തരം വിജയിച്ചത്. ആറാം ക്ലാസ് വരെ മാത്രം പഠിച്ച ഗോപിദാസ് കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പിന്നീട് പല ജോലികൾ ചെയ്തു. ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലിയും നോക്കിയിരുന്നു.
മാതാവിന്റെ മരണത്തിന് ശേഷമാണെങ്കിലും സ്വപ്‌നം സാക്ഷാത്കരിക്കാൻ ഗോപിദാസ് ഇറങ്ങിത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് സാക്ഷരതാ മിഷന്റെ തുല്യതാ പഠനം ആരംഭിച്ചത്. തുല്യതാ പഠനത്തിലൂടെ ഏഴാം ക്ലാസ് വിജയിച്ച ഗോപിദാസ് പിന്നീട് പത്താം ക്ലാസിൽ മൂന്ന് എ പ്ലസോടെ മികച്ച വിജയം നേടുകയായിരുന്നു.
പ്ലസ് വൺ പഠനം തുല്യതാ സെന്ററായ അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്‌കൂളിൽ ആരംഭിച്ചിരിക്കുകയാണ്. ഇനി പ്ലസ് വൺ പരീക്ഷയാണ് മുന്നിലുള്ളത്. അതിനായുള്ള തയ്യാറെടുപ്പിലുമാണ് ഇദ്ദേഹം. പ്ലസ് വണ്ണിൽ 107 പഠിതാക്കളിൽ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഗോപിദാസ്.
സിപിഐ പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റിയിലെ ബ്ലോക്ക് ഓഫീസ് ബ്രാഞ്ച് അംഗമാണ്. ഇനി പ്ലസ് ടു പരീക്ഷ കൂടി എഴുതണമെന്നും അഭിഭാഷകനാകണമെന്നാണ് ആഗ്രഹമെന്നും ഗോപിദാസ് പറയുന്നു.
Discussion about this post